ബാലരാമപുരം കൊലക്കേസിലെ പ്രതിയായ റിമാന്‍ഡിലുള്ള അമ്മാവന്‍ ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം. കോടതിയുടെ നിര്‍ദേശ പ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാര്‍ മൊഴി മാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തതോടെയായിരുന്നു ഇത്. ഇതോടെ കോടതി മാനസികരോഗ വിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നാണ് ഹരികുമാറിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്.