ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും ഇരുവരും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോഴും രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹരികുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തുവെന്നാണ് പൊലീസിനോട് ഹരികുമാറിന്റെ മറുപടി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.