Latest Malayalam News - മലയാളം വാർത്തകൾ

യുപിയിൽ മുസ്‌ലിം സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം

പ്രയാഗ്രാജ് :  മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. നേരത്തെ നവംബർ 23ന് അലഹബാദ് ഹൈക്കോടതി അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപികയുടെ ഹർജി തള്ളിയ കോടതി രണ്ട് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃപ്ത ത്യാഗി എന്ന അധ്യാപിക പോക്സോ കോടതിയിൽ ഹാജരായി സാധാരണ രീതിയിൽ ജാമ്യം നേടിയത്. കഴിഞ്ഞ വർഷമാണ് വിവാദ സംഭവങ്ങൾ നടന്നത്. സ്കൂളിൽ വച്ച് നടന്ന  ക്രൂരസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.

ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും അതിക്രമം ആസ്വദിക്കും വിധമുള്ള ശബ്ദങ്ങൾ വൈറലായ ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനാൽ ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണക്കിന്‍റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും പിന്നീട് ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നും അധ്യാപിക തന്റെ നടപടിയെ ന്യായീകരിച്ചത്. മുഖത്തിന് പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുട്ടിക്ക് സഹപാഠികളുടെ മർദ്ദനമേറ്റിരുന്നു. താൻ ഭിന്നശേഷിക്കാരിയാണെന്നും പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്നും അധ്യാപിക തൃപ്ത ത്യാ​ഗി പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

Leave A Reply

Your email address will not be published.