Latest Malayalam News - മലയാളം വാർത്തകൾ

ഇടക്കാല ജാമ്യം  നീട്ടണമെന്നവശ്യപ്പെട്ട്  അരവിന്ദ് കെജ്‍രിവാള്‍ സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി

New Delhi

ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നത് വിസമ്മതിച്ച് സുപ്രിം കോടതി. എന്നാൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

പിഇടി-സിടി സ്‌കാനിനും മറ്റ് പരിശോധനകൾക്കും വിധേയനാകണമെന്ന് പറഞ്ഞ് ജൂൺ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 27 നാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ജൂൺ രണ്ടിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് മെയ് 10ന് ഉത്തരവിട്ടിരുന്നു.

എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസിൽ പ്രതികളാണ്. ഇഡി നൽകിയ ഇളവുകൾ പരിഗണിച്ച് സിങിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം സ്ഥിരം ജാമ്യം അനുവദിക്കാനുള്ള സിസോദിയയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അടുത്തിടെ നിരസിച്ചിരുന്നു.

 

Leave A Reply

Your email address will not be published.