Latest Malayalam News - മലയാളം വാർത്തകൾ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി  ചന്ദ്രബാബു നായിഡു അധികാരമേറ്റു; ചടങ്ങിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയും 

Hyderabad

 ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി(ടി.ഡി.പി) അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ബുധനാഴ്ച രാവിലെ ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേല്‍, ചിരാഗ് പാസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ബുധനാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ജനസേന പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷ്, കിഞ്ചാരപ്പു അഛ്‌നായിഡു, നഡേദ്‌ല മനോഹര്‍, പൊന്‍ഗുരു നാരായണ തുടങ്ങിയവരും കാബിനറ്റ് പദവിയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 24 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച അധികാരത്തിലേറുന്നത്. ടി.ഡി.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി 175-ല്‍ 164 സീറ്റുകള്‍ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്.

 

Leave A Reply

Your email address will not be published.