അഭ്യൂഹങ്ങൾക്ക് ഒടുവിൽ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിരുന്നു.അതേസമയം, കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട് . പത്രികാസമര്‍പ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയില്‍ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാഹുല്‍ താതപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാന്ധി കുടുംബാംഗങ്ങളില്‍ ആരും രണ്ട് സീറ്റിലും മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്. അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്‌വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2019-ല്‍ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവില്‍ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചത്.