പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്തുണ്ടായ ലോറി അപകടത്തിൽ കണ്‍മുന്നിൽ വെച്ച് ഉറ്റ സുഹൃത്തക്കളായ നാലു പേര്‍ മരിച്ചതിന്‍റെ ഞെട്ടൽ മാറാതെ അജ്ന ഷെറിൻ. അപകടത്തിൽ തലനാരിഴയ്ക്കാണ് അജ്ന ഷെറിൻ രക്ഷപ്പെട്ടത്. മറ്റൊരു വാഹനം ഇടിച്ചാണ് ലോറി മറിഞ്ഞതെന്നും അപകടം ഉണ്ടായപ്പോള്‍ താൻ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിൻ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റു നാലുപേരും ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കുഴിയിൽ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും അജ്ന ഷെറിൻ പറഞ്ഞു. സ്കൂള്‍ വിട്ടശേഷം കടയിൽ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷമാണ് നടന്നുപോയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചിരുന്നു. ഇതോടെ മണ്ണാറക്കാട് ഭാഗത്ത് നിന്ന് ലോറി ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ചെരിഞ്ഞു. നാലുപേര്‍ കുറച്ച് മുന്നിലായിരുന്നു നടന്നിരുന്നത്. ഞാൻ കുറച്ച് പുറകിലായിരുന്നു. ലോറി മറിയുമ്പോള്‍ കുഴിയിലേക്ക് ചാടാൻ സമയം കിട്ടി. എന്നാൽ അവര്‍ നാലുപേര്‍ക്കും രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല. എല്ലാദിവസവും ഒന്നിച്ചാണ് പോകാറുള്ളതെന്നും അജ്ന ഷെറിൻ പറഞ്ഞു.