ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കും. തനിക്ക് സിനിമ ചെയ്തേ മതിയാകൂ എന്നും താമസിയാതെ തന്നെ ഒഴിവാക്കുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സത്യപ്രതിജ്ഞക്ക് ശേഷം പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
സുരേഷ് ഗോപിയുടെ വാക്കുകൾ: ‘ഒരു എം.പി എന്ന നിലക്ക് പ്രവർത്തിക്കുകയാണ് ഉദ്ദേശ്യം. ഞാനൊന്നും ആവശ്യപ്പെട്ടതല്ല. എനിക്കിത് വേണ്ട എന്നാണ് ഞാൻ പറഞ്ഞിരുന്നത്. എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്, താമസിയാതെ റിലീവ് ചെയ്യും. തൃശൂരുകാർക്ക് എം.പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. അവർ തീരുമാനിക്കട്ടെ…’ -മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.