Latest Malayalam News - മലയാളം വാർത്തകൾ

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി എം ജി സാബുവിന്  സസ്‌പെന്‍ഷന്‍

Kochi

ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെന്‍ഡ് ചെയ്താണ് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. സാബുവിന്റെ നടപടി പൊലീസ് സേനയുടെയും സര്‍ക്കാരിന്റെയും സല്‍പേരിനു കളങ്കം വരുത്തിയെന്നും ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത നടപടി ഗുരുതര അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയിരുന്നു. അടുത്ത കാലത്താണ് ഇയാള്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. ഡിവൈഎസ്പിക്കും പൊലീസുകാര്‍ക്കും വേണ്ടിയാണ് ഗുണ്ടാ നേതാവ് തമ്മനം ഫൈസല്‍ അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡിവൈഎസ്പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. എന്നാല്‍, അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്‌റൂമില്‍ ഒളിച്ചു. സംഭവത്തില്‍ മൂന്ന് പൊലിസുകാരെ നേരത്തേ സസ്പെന്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്. സംഭവത്തിന് ശേഷം തമ്മനം ഫൈസല്‍ അടക്കം രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു.

 

Leave A Reply

Your email address will not be published.