നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പിയുമായ കങ്കണ റണൗത്തിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.ഐ.എസ്.എഫിലെ വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍. സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചതെന്ന് കൗര്‍ പറഞ്ഞു. തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് സി.ഐ.എസ്.എഫ്. വ്യക്തമാക്കിയിട്ടുള്ളത്.
‘100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നാണ് കങ്കണ റണൗത്ത് അന്ന് പറഞ്ഞത്. അവര്‍ അവിടെ പോയി ഇരിക്കാന്‍ തയ്യാറാകുമോ? അവര്‍ ഈ പ്രസ്താവന നടത്തുന്ന സമയത്ത് എന്റെ അമ്മ അവിടെ ഇരുന്ന് സമരം ചെയ്യുന്നുണ്ടായിരുന്നു.’ -കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.