സൗബിൻ ഷാഹിർ- നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തും. നിലവിൽ ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്. ബോബൻ സാമുവൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു, ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചിരിയും ചിന്തയും നൽകുന്ന ശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ജാക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി തോമസ് ആണ് തിരക്കഥ രചിച്ചത്.
