മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് പുറത്തായി. ഇന്നലെയാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 15 ചിത്രങ്ങളുടെ കൂട്ടത്തില്‍ ലാപതാ ലേഡീസ് ഇല്ല. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. എന്നാൽ ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ അഭിനേതാക്കളായ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച ബ്രിട്ടീഷ്-ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സന്ധ്യ സൂരിയുടെ ‘സന്തോഷ്’ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്‍റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ലാപതാ ലേഡീസ് 2024 മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്. ചിത്രം നിലവില്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.