നടൻ സൽമാൻ ഖാന്‍റെ വീടിനുനേർക്ക് വെടിവെപ്പ് നടത്തിയ കേസിലെ പുതിയ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നടനെ കൊലപ്പെടുത്താൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നെന്നും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ ഇതിനായി നിയോഗിച്ചിരുന്നെന്നും അടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ രീതിയിലാണ് സൽമാനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതത്രെ. ഇതിനായി 25 ലക്ഷം രൂപയുടെ കരാർ നൽകി. 2023 ആഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെ മാസങ്ങളോളം ഇതിനുള്ള തയാറെടുപ്പ് നടത്തി. എ.കെ 47, എ.കെ 92, എം16 റൈഫിളുകൾ, തുർക്കി നിർമ്മിത സിഗാന പിസ്റ്റൾ എന്നിവയുൾപ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനിൽ നിന്ന് വാങ്ങാനും പദ്ധതിയിട്ടു.
സൽമാന്‍റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ 70ഓളം പേരെ നിയോഗിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ ചുമതലപ്പെടുത്തി. ഇവർ ഗോൾഡി ബ്രാറിന്‍റെയും അൻമോൽ ബിഷ്‌ണോയിയുടെയും ഉത്തരവുകൾക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.