ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോർന്നതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് നീക്കം. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഓമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസന്ധിയിലാക്കിയ കാര്യമായിരുന്നു ടിപി കേസ് പ്രതികളുടെ ശിക്ഷായിളവിനുള്ള നീക്കം. പട്ടിക ചോർന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ ആഭ്യന്തരവകുപ്പ് അടിയന്തരമായി ഉത്തരവിടുകയും ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പട്ടിക, കണ്ണൂരിൽ നിന്ന് തന്നെയാണ് ചോർന്നത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നതും.