ലോക്സഭ സ്പീക്കർ ആരാണെന്ന് ഇന്നറിയാം. എൻ.ഡി.എ സ്ഥാനാർഥി ഓം ബിർളയുടെ വിജയം ഉറപ്പാണെങ്കിലും പൊരുതി കരുത്തുകാട്ടാനാണ് ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനം. സഭയിലെ സംഖ്യകളുടെ കളിയിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കാണിക്കാൻ പ്രതിപക്ഷത്തിന് ലഭിക്കുന്ന അവസരമാകും സ്പീക്കർ തെരഞ്ഞെടുപ്പ്. ഒപ്പം, ജനാധിപത്യ മര്യാദകൾ പാലിക്കാത്ത ഭരണപക്ഷത്തിന്‍റെ നിലപാടുകളിൽ തങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന സന്ദേശവും നൽകാനാവും. 1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തെത്തുന്നത്.
ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുമെന്ന് ഉറപ്പ് നൽകാൻ സർക്കാർ തയാറാകാതിരുന്നതോടെയാണ് സ്പീക്കർ പദവിയിൽ സമവായ നീക്കം പൊളിഞ്ഞതും തെരഞ്ഞെടുപ്പ് ആവശ്യമായി വന്നതും. എൻ.ഡി.എയുടെ സ്പീക്കർ സ്ഥാനാർഥിയായ ബി.ജെ.പി എം.പി ഓം ബിർളക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെയാണ് ഇൻഡ്യ സഖ്യം മത്സരിപ്പിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകുകയെന്ന കീഴ്വഴക്കം അംഗീകരിക്കാൻ തയാറായാൽ സ്പീക്കറുടെ കാര്യത്തിൽ സമവായമാകാമെന്ന നിലപാടാണ് ഇൻഡ്യ സഖ്യം സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് അവസാന നിമിഷം സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താൻ ഇൻഡ്യ സഖ്യം തയാറായത്.