കെ. രാധാകൃഷ്ണൻ എം.പിയായതിന് പിന്നാലെ രാജിവെച്ച ഒഴിവിൽ ഒ.ആർ. കേളു പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയാകും. മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സി.പി.എം സംസ്ഥാന സമിതിയംഗമാണ്. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സഹകരണമന്ത്രി വി.എൻ. വാസവന് നൽകി. മന്ത്രി എം.ബി. രാജേഷിനാണ് പാർലമെന്‍ററി വകുപ്പ്.
54കാരനായ ഒ.ആർ. കേളു വയനാട് കാട്ടിക്കുളം മുള്ളങ്കൊല്ലി സ്വദേശിയാണ്. തുടർച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.
2016ൽ യു.ഡി.എഫ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആർ. കേളു നിയമസഭയിലെത്തിയത്. 2021ൽ 9282 വോട്ടിന് ജയലക്ഷ്മിയെ തന്നെ പരാജയപ്പെടുത്തി.
പട്ടികജാതി പട്ടികവർഗ ക്ഷേമം, ദേവസ്വം, പാർലമെന്‍ററി കാര്യം എന്നീ വകുപ്പുകളായിരുന്നു നേരത്തെ കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്ന് വിജയിച്ചതോടെയാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചത്.