മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു.
മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്. ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി. യന്ത്രവത്കൃത ബോട്ടുടമകളും ഇതിൽ പണിയെടുക്കുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.