കെ.മുരളീധരനു വേണ്ടി കോഴിക്കോട്ടും ബോർഡുകൾ. ‘തിരിച്ചുവരും ഒരു കൊടുങ്കാറ്റായി’ എന്നെഴുതിയ ഫ്ലെക്സാണ് നടക്കാവിൽ സ്ഥാപിച്ചത്. ‘കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിലാണ് ബോർഡ് വച്ചിരിക്കുന്നത്. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്. തിരിച്ചുവരും ഒരു കൊടുങ്കാറ്റായി’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. മുരളീധരനൊപ്പം കടുവയുടെ ചിത്രവും വച്ചിട്ടുണ്ട്.
മുരളീധരനെ പിന്തുണച്ച് നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തും ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് കൊല്ലം ചിന്നക്കടയിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെഎം നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്, ധീരനായ പോരാളിക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്ററിൽ പറയുന്നു.