രാജ്യസഭാ സീറ്റുകൾ വീതംവെച്ചതിൽ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നാരോപിച്ച് എൽഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി സിപിഎം മുന്നോട്ടുപോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേരള കൗമുദി പത്രത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നമാണെന്നും അത് ഇനിയും മനസിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് എൽ.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയമെന്നും വെള്ളാപ്പള്ളി പറയുന്നു. രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതുപോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇതു മനസിലാക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിൽ ആകുമെന്നും വെള്ളാപ്പള്ളി പറയുന്നു.