നഗരത്തിലെ ബാർ ഹോട്ടലിലെ തർക്കത്തെ തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. തടമ്പാട്ട്താഴം സ്വദേശി പി.ടി. മഷൂദ് (20), ചാപ്പയിൽ സ്വദേശി കെ.ടി. അറഫാൻ എന്ന പുള്ളി (22) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് സാഹസികമായി പിടികൂടിയത്.
ബാറിലേയും പരിസരങ്ങളിലെയും സി.സി ടി.വി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾക്കായി സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കരുവിശ്ശേരി, വേങ്ങേരി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന മഷൂദിന്റെ രഹസ്യകേന്ദ്രത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്കിൽ വരുകയായിരുന്ന മഷൂദിനെ കക്കുഴിപ്പാലത്തിന് സമീപം പൊലിസ് തടഞ്ഞുവെങ്കിലും പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഊടുവഴികളിലൂടെ ഓടിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി.