ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാൻ ഇറങ്ങിതിരിച്ചവർക്ക് ലക്ഷങ്ങൾ നഷ്ടം. ഓൺലൈൻ ടാസ്ക്, പാർട്ട് ടൈം ജോലി തട്ടിപ്പിൽ ജില്ലയിൽ വിവിധ സംഭവങ്ങളിൽ 66.72 ലക്ഷം രൂപ തട്ടിയെടുത്തു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെട്ട് അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ പരാതിക്കാർക്ക് 47.61 ലക്ഷം, 16.82 ലക്ഷം, 1.23 ലക്ഷം, 99,500, 7,200 രൂപ എന്നിങ്ങനെ നഷ്ടമായി. അടുത്ത കാലത്തതായി നിരവധി പേർക്കാണ് ഓൺലൈൻ പാർട്ട് ടൈം ജോലി ഓഫറിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫോണിലേക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സന്ദേശമയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. സന്ദേശത്തിൽ നൽകിയ നമ്പറിൽ മറുപടി നൽകിയാൽ ഒരുചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടും. ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കും. അതിനായി ചെറിയ ടാസ്ക്കുകൾ നൽകി പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകും.