മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് എം. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ബാക്കിയുള്ളതൊക്കെ പൊളിറ്റിക്കൽ ഗോസിപ്പുകളാണെന്നും ജോസ് കെ മാണി ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.’കേരള കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി എന്നാണ് അന്നത്തെ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത്. അതിനുശേഷം കേരളാ കോൺഗ്രസ് എടുത്ത രാഷ്ട്രീയ തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിൽക്കുക എന്നതാണ്. ആ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതിൽ ഒരു മാറ്റവുമില്ല. ജയപരാജയം ഉണ്ടാകും. പരാജയം വരുമ്പോൾ ഉടനെ മുന്നണി മാറ്റം എന്നതാണോ? അത് ഏതെങ്കിലും ഒരു മാധ്യമം പൊളിറ്റിക്കൽ ഗോസിപ്പ് ഉണ്ടാക്കി ചർച്ച കൊണ്ടുവരാൻ വേണ്ടിയിട്ടാണ്’- ജോസ് കെ മാണി പറഞ്ഞു.
ആരുടേയും അടുത്ത് നിന്ന് ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ആരുടേയും മുമ്പിൽ പോയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ ആവശ്യങ്ങളും അർഹതകളും പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
തോമസ് ചാഴിക്കാടന്റെ തോൽവിയോടെ കേരള കോൺഗ്രസ് എമ്മിന്റെ ലോക്സഭാ സാന്നിധ്യം നഷ്ടമായിരുന്നു. ജോസ് കെ മാണിയുടെ രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ പാർട്ടി കേരളത്തിലൊതുങ്ങും. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റിനായി കേരള കോൺഗ്രസ് എൽ.ഡി.എഫിൽ സമ്മർദ്ദം ചെലുത്തുന്നത്.