Latest Malayalam News - മലയാളം വാർത്തകൾ

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്ന് നടക്കും; വകുപ്പ് വിഭജനത്തിൽ തീരുമാനം ഉണ്ടായേക്കും

New Delhi

എൻഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഇന്ന് നടക്കും. ബിജെപി പാർലമെന്ററി പാർട്ടി യോഗവും എൻഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും.

മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വകുപ്പ് വിഭജനത്തിൽ ജെഡിയു, ടിഡിപി പാർട്ടികളുമായി സമവായത്തിൽ എത്തിയിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട വകുപ്പുകളിലാണ് രണ്ട് പാർട്ടികളുടേയും കണ്ണ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിക്ക് പറമെ, സ്പീക്കർ സ്ഥാനം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലും ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കർ സ്ഥാനത്തിൽ ജെഡിയുവും അവകാശം ഉന്നയിച്ചു.

സഹമന്ത്രി ഉൾപ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങളിൽ നിതീഷ് കുമാർ കണ്ണ് വെക്കുന്നു. നിതീഷ് കുമാറുമായി അശ്വിനി വൈഷ്ണവും ചന്ദ്രബാബു നായിഡുവായി പീയൂഷ് ഗോയലും ചർച്ചകൾ നടത്തും. ഘടക കക്ഷികളുമായി ചർച്ച പൂർത്തിയായാൽ ഉടൻ ബിജെപി മന്ത്രിമാരുടെ കാര്യത്തിൽ ചർച്ച നടക്കും. രാവിലെ 11 മണിക്ക് സംസ്ഥാന അധ്യക്ഷന്മാർ അടക്കം പങ്കെടുക്കുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേരും. എൻഡിഎ എംപിമാരുടെ യോഗവും ഇന്ന് നടക്കും.

 

Leave A Reply

Your email address will not be published.