Latest Malayalam News - മലയാളം വാർത്തകൾ

എടപ്പാളിൽ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു

Malappuram

എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകിയിട്ട് 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

ഭര്‍ത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് സഹോദരികളായ തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.

 

Leave A Reply

Your email address will not be published.