Latest Malayalam News - മലയാളം വാർത്തകൾ

കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി ‘ എക്‌സ്’; ഇനി മുതൽ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാനാവും

Web Desk

കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ്. പുതിയ മാറ്റം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാനാവും. ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ എന്നറിയപ്പെടുന്നത്. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. നേരത്തെ തന്നെ എക്‌സില്‍ അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു എങ്കിലും കമ്പനി ഔദ്യോഗികമായി അത് തടയുകയോ അനുവാദം നല്‍കുകയോ ചെയ്തിരുന്നില്ല.സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ പറയുന്നു. പോണോഗ്രഫി കാണാന്‍ ആഗ്രഹിക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എക്‌സില്‍ അവ ദ്യശ്യമാവില്ലെന്നാണ് പേജില്‍ പറയുന്നത്. 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവര്‍ക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.

ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍ക്കും നഗ്നത ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കും എക്‌സില്‍ ‘സെന്‍സ്റ്റീവ് കണ്ടന്റ്’ എന്ന ലേബല്‍ നല്‍കാറുണ്ട്. എന്നാല്‍ രക്തപങ്കിലമായതും ലൈംഗിക അതിക്രമങ്ങള്‍ നിറഞ്ഞതുമായ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ല. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങള്‍, പ്രായപൂര്‍ത്തിയായവരെ ദ്രോഹിക്കല്‍ ഉള്‍പ്പടെയുള്ളവയും എക്‌സില്‍ അനുവദിക്കില്ല.

 

Leave A Reply

Your email address will not be published.