Latest Malayalam News - മലയാളം വാർത്തകൾ

പുനെ കാറപകടം: രക്ത സാമ്പിൾ മാറ്റി നല്കിയതിന് പ്രതിയുടെ അമ്മ  അറസ്റ്റിൽ

Pune

പൂനെയിൽ  ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നൽകിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയിൽ പരിശോധിച്ച രക്തം ശിവാനി അഗർവാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.

പതിനേഴുകാരനെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരൻ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ പിതാവ് വിശാൽ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും  ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ ഡ്രൈവറെ കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് സുരേന്ദ്ര അഗർവാൾ പിടിയിലായത്. ഈ കേസിലും പിതാവ് പ്രതിയാണ്.
Leave A Reply

Your email address will not be published.