ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി നടൻ രജനീകാന്ത് ബുധനാഴ്ച ഹിമാലയത്തിലേക്ക് പുറപ്പെട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പാണ് ഹിമാലയയാത്ര.ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖണ്ഡിലെ മഹാവതാർ ബാബാജി ഗുഹയിൽ എല്ലാവർഷവും രജനീകാന്ത് എത്താറുണ്ട്.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി അബുദാബിയിൽനിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി അദ്ദേഹം ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. ജീവിതത്തിൽ ആത്മീയതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വിമാനത്താവളത്തിൽവെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമകാലീന വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു. കഴിഞ്ഞവർഷം ‘ജയിലർ’ സിനിമയുടെ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. കൂലിയുടെ ചിത്രീകരണം ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം.