കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍. കൊച്ചി കുസാറ്റ് ക്യാമ്പസില്‍ 98.4 മില്ലി മീറ്റര്‍ മഴയാണ് ഒരു മണിക്കൂറില്‍ പെയ്തത്.
കുസാറ്റിലെ മഴ മാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്. അതേസമയം കനത്ത മഴയില്‍ കൊച്ചി നഗരത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലായിട്ടുണ്ട്. കൂടാതെ ഗതാഗതകുരുക്കും രൂക്ഷമാണ്. രാവിലെ 8.30 ഓടുകൂടിയാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്. ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈനില്‍ റോഡില്‍ ഉള്ള വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു. കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലും വന്‍വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കാക്കനാട് മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.