പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിന്റെ ബിൽ കർണാടക സർക്കാർ നൽകുമെന്ന് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ വരുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പാരമ്പര്യമാണെന്ന് മന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാൽ പ്രധാന മന്ത്രി വന്ന പരിപാടി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൂർണ്ണമായും കേന്ദ്ര സർക്കാർ പരിപാടിയായിരുന്നു. മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ വനം വകുപ്പ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ തിരിച്ചടക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്നും ഈശ്വർ ഖണ്ഡ്രെ പറഞ്ഞിരുന്നു.