പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ രാജ്യംവിടാൻ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെയാണ് സസ്പെൻഡ് ചെയ്യാൻ കമീഷണർ ശിപാർശ ചെയ്തത്. ജർമനിയിലേക്ക് കടക്കാൻ രാഹുലിനെ ബംഗളൂരുവിലെത്തിക്കാൻ സഹായിച്ചതും, പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ചോർത്തിനൽകിയതും ഇയാളാണ്.
അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ശരത് ലാൽ രാഹുലിന് ചോർത്തിനൽകിയതായാണ് കണ്ടെത്തിയത്. രാഹുലിനെതിരെ കേസെടുക്കുന്ന ദിവസം ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാനായി പൊലീസിന്‍റെ കണ്ണിൽപെടാതെ യാത്രചെയ്യാനുള്ള നിർദേശങ്ങൾ നൽകിയത് ശരത് ലാലാണ്.
രാഹുലിനെ സഹായിച്ച മാങ്കാവ് സ്വദേശി രാജേഷിനെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. പൊലീസുകാരനിൽ നിന്ന് സഹായം ലഭിച്ച കാര്യം ഇയാളിൽ നിന്നാണ് വ്യക്തമായത്. രാഹുലും രാജേഷും ബംഗളൂരുവിന് പോകുന്ന വഴിക്ക് ശരത് ലാലിനെ കണ്ടതായും വിവരമുണ്ട്. പൊലീസുകാരന്‍റെ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാൾ പ്രതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.