സംസ്ഥാനത്ത് ഇന്നു മുതൽ 20 വരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നു തെക്കൻ ജില്ലകളിലാണു കൂടുതൽ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മഴയ്ക്കു പുറമേ ഇടിമിന്നലും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് അർധരാത്രി വരെ തെക്കൻ തമിഴ്നാട്, കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. അതേസമയം, മഴ ലഭിച്ചു തുടങ്ങിയതോടെ പകൽ താപനിലയിൽ 4 ഡിഗ്രി വരെ കുറവുണ്ടായി. ഇന്നലെ ഏറ്റവും കൂടിയ പകൽ താപനില 36.1 ഡിഗ്രി സെൽഷ്യസ് പാലക്കാട്ടു രേഖപ്പെടുത്തി.