വടകരയിലെ യു.ഡി.എഫ്.- ആര്.എം.പി.ഐ. ജനകീയ കാമ്പയിന് ഉദ്ഘാടനച്ചടങ്ങിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പൂര്‍ണ്ണമായും തള്ളുന്നുവെന്ന് ആര്‍എംപി നേതാവായ രമ പറഞ്ഞു. പ്രസംഗമധ്യേ ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി.
‘ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒരാളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. ആ നിലപാട് തന്നെയാണ് എക്കാലത്തുമുള്ളത്, ഈ വിഷയത്തിലും ഇപ്പോഴും ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഒരു കാരണവശാലം അംഗീകരിക്കുകയില്ല, ന്യായീകരിക്കുകയില്ല. അതിനെ തള്ളിപ്പറയുന്നു. ഹരിഹരന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതിനെ തള്ളിപ്പറയാന്‍ തയ്യാറായി എന്നതും നിര്‍വ്യാജം ഖേദംപ്രകടിപ്പിച്ചതും പോസിറ്റീവായ കാര്യമാണ്’, കെ.കെ. രമ അഭിപ്രായപ്പെട്ടു.
ഹരിഹരന്റെ പരാര്‍ശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഹരിഹരന് ഫെയ്സ്ബുക്കില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്.