Latest Malayalam News - മലയാളം വാർത്തകൾ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ കാലം ചെയ്തു 

Pathanamthitta

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാന്‍) കാലം ചെയ്തു. യു.എസ്സിലെ ടെക്‌സാസില്‍ പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ചർച്ചിന്റെ ഔദ്യോഗിക വാർത്താ  കുറിപ്പിൽ  പറഞ്ഞു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05.25നായിരുന്നു അപകടം. അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഹന്നാൻ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്. തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു.

 

Leave A Reply

Your email address will not be published.