കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ മേയറെയും എം.എൽ.എയെയും പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. കോടതി ഉത്തരവിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതോടെയാണ് ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. പരാതിക്കാരായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാളയം സാഫല്യം കോംപ്ലക്സിന് സമീപം ഏപ്രിൽ 27ന് രാത്രിയുണ്ടായ സംഭവത്തിൽ ഒമ്പതാം ദിവസമാണ് മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നേമം സ്വദേശിയായ ഡ്രൈവർ എൽ.എച്ച്. യദുവിന്റെ പരാതിയിൽ സി.ജെ.എം കോടതി-മൂന്നിന്റെ നിർദേശപ്രകാരമാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 353, 447, 341, 294(ബി), 201,34 മോട്ടോർ വാഹന നിയമം 177 വകുപ്പുകളാണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതി സച്ചിൻ ദേവ് എം.എൽ.എക്കെതിരെ ഗുരുതരമായ ആരോപണവും എഫ്.ഐ.ആറിലുണ്ട്.