ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ നാലിടത്ത് മത്സരം കടുക്കുമെന്ന് കെ.പി.സി.സിയുടെ വിലയിരുത്തല്‍. എന്നാൽ മുഴുവൻ സീറ്റിലും വിജയസാധ്യതയെന്നും വിലയിരുത്തൽ ഉണ്ടായി. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി. നേതൃയോഗത്തിലാണ് കേരളത്തില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനാകുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് വിലയിരുത്തലുണ്ടായത്. ആറ്റിങ്ങല്‍, മാവേലിക്കര, കണ്ണൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നത്. ഇവിടങ്ങളില്‍ ഭൂരിപക്ഷം കുറയുമെങ്കിലും പാര്‍ട്ടി വിജയം ഉറപ്പിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി. യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആക്ടിങ് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥരില്‍ നല്ലൊരുവിഭാഗവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.