തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ചികിത്സയിൽ കഴിയുന്നത് 30 പേരാണ്. ഇവരിൽ 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇന്നലെ രാത്രി 9.45ഓടെയാണ് അപകടം ഉണ്ടായത്. നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നിമിഷ നേരം കൊണ്ട് രണ്ടാം നിലയിലേക്ക് തീ പടർന്നു. നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാത്രി പന്ത്രണ്ട് മണിയോടെ തീ പൂർണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിൻഡിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ വിദഗ്ധസംഘം പരിശോധന നടത്തി. ഫയർ അലാർമിങ് സിസ്റ്റം ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.