Latest Malayalam News - മലയാളം വാർത്തകൾ

1997ലെ കസ്റ്റഡി പീഡനക്കേസ് ; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടു

അഹമ്മദാബാദ് : 1997ലെ കസ്റ്റഡി പീഡനക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടു. ഗുജറാത്ത് കോടതിയുടേതാണ് നടപടി. സംശയാതീതമായി കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലാണ് വിധി. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് ബിജപിയുടെ പകപോക്കലെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്ന് പ്രതികരിച്ചത്. 2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നല്‍കിയതോടെയാണ് താന്‍ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. മുംബൈ ഐഐടിയില്‍നിന്ന് എംടെക് നേടിയ ഭട്ട് 1988ലാണ് ഐപിഎസ് നേടിയത്. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു. 1990 ലെ കസ്റ്റഡി മരണത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ രാജ്‌കോട്ട് ജയിലിലാണ് സഞ്ജീവ് ഭട്ട്.

Leave A Reply

Your email address will not be published.