Latest Malayalam News - മലയാളം വാർത്തകൾ

മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് സ്ത്രീകളുടെ സംഘം: വാഹനത്തിന് മുന്നിൽകിടന്ന് പ്രതിഷേധം; സംഘർഷം

ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീകൾ. ആരംഭായ് ടെങ്കോൾ എന്ന സംഘടനയിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകൾ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു.

മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോൾ എന്ന സംഘടന വ്യാപകമായി ആയുധങ്ങൾ ശേഖരിക്കുന്നു എന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. തുടർന്ന് ഇവരിൽനിന്ന് ആയുധം പിടിച്ചെടുക്കാൻ സൈന്യം ഇവിടെ എത്തുകയായിരുന്നു.

എന്നാൽ, മെയ്തി വിഭാഗത്തിൽപെട്ട വനിതകൾ ഉൾപ്പെട്ട മെയ്രാ പയ്ബി എന്ന സംഘടനയിൽപെട്ട വനിതകൾ സൈന്യത്തെ തടയുകയും സൈനിക വാഹനത്തിന് മുമ്പിൽ കിടക്കുകയുമായിരുന്നു. സൈനിക വാഹനത്തിന്റെ മുമ്പിൽ കിടന്നും വാഹനം തടഞ്ഞും പ്രതിഷേധിക്കുന്ന വനിതകളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രാദേശികമായി നിർമ്മിച്ച ആയുധങ്ങളും മറ്റും സംഘടനയിൽനിന്ന് പിടിച്ചെടുത്ത് സൈന്യം തിരികെ പോകുമ്പോഴായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സൈന്യം ആകാശത്തേക്ക് വെടിവെച്ച് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. സംഘടനയിൽ പെട്ട ചിലരെ സൈന്യം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായും ആരോപണമുണ്ട്.

Leave A Reply

Your email address will not be published.