ന്യൂഡൽഹി:ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെയും നോയിഡയിലെയും നിരവധി സ്കൂളുകൾ ഒഴിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ , കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ , ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവയാണ് ഇന്ന് പുലർച്ചെ ഭീഷണി നേരിട്ടത്. അതിനുശേഷം, കാമ്പസിൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് അവകാശപ്പെട്ട് മറ്റ് നിരവധി സ്കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചു. ബോംബ് ഡിറ്റക്ഷന്‍ യൂണിറ്റ്, ഡൽഹി ഫയർ സർവീസ് സംഘം എന്നിവർ സ്കൂളുകളിൽ തിരച്ചിൽ നടത്തുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു ഇമെയിൽ സ്കൂളിന് ലഭിച്ചതായും മുൻകരുതൽ നടപടിയായി വിദ്യാർത്ഥികളെ ഉടൻ വീട്ടിലേക്ക് അയയ്ക്കുന്നുവെന്നും മതാപിതാക്കൾക്കയച്ച മെയിലിൽ പറയുന്നു.