ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ല. ഇതു സംബന്ധിച്ച് ജയിൽ മേധാവി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ശിക്ഷാ ഇളവ് നൽകേണ്ടവരുടെ പുതുക്കിനൽകിയ പട്ടികയിൽ ടി.പി കേസ് പ്രതികളില്ലെന്നും ജയിൽ മേധാവി വ്യക്തമാക്കി. ഈ പട്ടിക സർക്കാരിന് കൈമാറും.
ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ പട്ടികയിൽ ടി.പി കേസ് പ്രതികൾ ഉൾപ്പെട്ടത് അബദ്ധവശാലാണെന്നും സൂപ്രണ്ടിന് പിഴവ് സംഭവിച്ചുവെന്നും ജയിൽ മേധാവി കൂട്ടിചേർത്തു. ഇക്കാര്യത്തിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടിയത്. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനായിരുന്നു നീക്കം. തുടർച്ചയായി 20 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.