കൊച്ചി∙ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ മെച്ചപ്പെട്ട അവസ്ഥയും സംസ്ഥാനത്തെ ഉയർന്ന ജീവിതനിലവാരവും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ ഐപിഎസ് ഇന്നലെ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകളുടെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴായിരുന്നു കമ്മിഷണറുടെ പരാമർശങ്ങൾ. എന്തുകൊണ്ടാണ് അത്തരം പരാമർശങ്ങൾ നടത്താൻ ഇടയായത് എന്നതിനെ കുറിച്ച് ശ്യാം സുന്ദർ ഐപിഎസ് വിശദീകരിക്കുന്നു:
‘‘കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ ശേഷം എനിക്കൊരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. സ്വകാര്യ ആശുപത്രികൾക്കു പകരം ഞാൻ അത് ചെയ്തത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. വർഷങ്ങൾക്കു മുൻപ് എന്റെ പിതാവിന് ഒരു ഓപ്പൺ ഹാർട്ട് സർജറി വേണ്ടിവന്നപ്പോൾ അതു ചെയ്തത് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിലാണ്. അന്ന് അവിടെ കണ്ട അതേ നിലവാരമുള്ള ഐസിയു സൗകര്യങ്ങളാണ് ജനറൽ ആശുപത്രിയിലും കണ്ടത്. ആ ഗുണനിലവാരം ഞാൻ നേരിട്ട് അനുഭവിച്ചതാണ്. അത് ആരോഗ്യമേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസമടക്കം എല്ലാ മേഖലയിലും ദൃശ്യമാണ്.
‘‘ബെവ്കോ എംഡി ആയിരുന്നപ്പോൾ ശാസ്തമംഗലം ഗവ.എൽപി സ്കൂളിന്റെ വികസനത്തിന് സിഎസ്ആർ ഫണ്ട് അനുവദിച്ചിരുന്നു. വി.കെ.പ്രശാന്ത് എംഎൽഎയുടെ മണ്ഡലത്തിലാണ്. അതിന്റെ ഉദ്ഘാടനത്തിന് ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ മകൻ പഠിക്കുന്ന സ്വകാര്യ സ്കൂളിനേക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ആ സ്കൂളിലുണ്ടായിരുന്നത്. അങ്ങനെ എന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്ന് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇന്നലെ പ്രസംഗത്തിൽ പറഞ്ഞത്. ഞാനും ഇതേപോലെ കാര്യവട്ടം ക്യാംപസിലൊക്കെ പഠിച്ച് ഹോസ്റ്റലിലൊക്കെ ജീവിച്ച ആളാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഈ മാറ്റം നന്നായി അറിയാം.
നമ്മുടെ പൊലീസിങ് സംവിധാനവും മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മെച്ചപ്പെട്ടതാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതുപോലെ അഴിമതിയുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട അവസ്ഥയാണ് കേരളത്തിൽ എന്നു തോന്നിയിട്ടുണ്ട്. ഇവിടുത്തെ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾ മാറിമാറി വന്ന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടാണത്. ബെവ്കോ എംഡി ആയിരുന്നപ്പോഴും കേരള പൊലീസ് ഹൗസിങ് കോർപറേഷന്റെ സിഎംഡി ആയിരുന്നപ്പോഴും ഒക്കെ ആ കാര്യങ്ങൾ വിശദമായി മനസിലാക്കാനായിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ കുട്ടികൾ ക്ലാസ് മുറിയിൽ മഴ നനയാതിരിക്കാൻ കുട പിടിച്ചിരിക്കുന്ന വാർത്തകൾ കാണുമ്പോഴാണ് കേരളത്തിലെ മാറ്റം എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാകുന്നത്. ഉത്തേരന്ത്യയിലെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നിരീക്ഷകരായി ഒക്ക ജോലി ചെയ്യുമ്പോൾ സ്കൂളുകളുടെ ശോചനീയമായ അവസ്ഥ നേരിൽ കണ്ടിട്ടുണ്ട്. അതിൽ നിന്ന് നമുക്കുള്ള വ്യത്യാസം നമ്മുടെ സർക്കാർ സംവിധാനങ്ങൾ കുറേക്കൂടി ഫലപ്രദമാണ് എന്നതു തന്നെയാണ്. സർക്കാരുകൾ മാറിമാറി വരുമ്പോഴും ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നു എന്നതു കൊണ്ടാണത്.
∙ ലക്ഷ്യം ലഹരിമുക്ത കൊച്ചി
കൊച്ചിയെ ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങളിലാണ് സിറ്റി പൊലീസ് കമ്മിഷണർ എന്ന നിലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
‘‘ലഹരിയുടെ കടന്നുവരവ് തടയാനുള്ള ഒട്ടേറെ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇത് അങ്ങേയറ്റം ഫലപ്രദവുമാണ്. അത്രയധികം കേസുകള്‍ ഓരോ തവണയും പിടികൂടുന്നുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമായില്ല. ആവശ്യക്കാരുണ്ടെങ്കിൽ ഏതു വിധേയനെയും ലഹരി ഇവിടേക്ക് എത്തും. അതുെകാണ്ട് ഡിമാൻഡ് ഇല്ലാതാക്കുക എന്നതാണ് നമ്മൾ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി സ്വകാര്യമേഖലയിലെ തൊഴിലിടങ്ങൾ ലഹരിമുക്തമാക്കുക എന്നതാണ് ചെയ്യുന്നത്.
‘‘നമ്മുടെ തൊഴിൽ ശേഷിയുടെ 97 ശതമാനവും സ്വകാര്യമേഖലയിലാണ്. ഐടി കമ്പനികളിൽ നിന്നാണ് തുടക്കം. ഇതിനായി ഫിക്കി, ചേംബർ ഓഫ് കൊമേഴ്സ്, ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി–ടെക്ക് അടക്കമുള്ള സംഘടനകളുമായി ചര്‍ച്ചകൾ നടത്തി. ലഹരി മരുന്ന് ഉപയോഗം തെളിഞ്ഞാൽ ജോലി പോകുന്നത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കടരട് തയാറാകുന്നുണ്ട്. പിന്തുണ തേടി ഇൻഫോപാർക്ക് സിഇഒയ്ക്കും കത്തയിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുകയാണ് ഇനി വേണ്ടത്. അതിന് ഐടി മേഖലയ്ക്ക് നേതൃത്വം കൊടുക്കുന്നവർ പിന്തുണ അറിയിച്ചിട്ടുണ്ട്’’ – അദ്ദേഹം പറയുന്നു.