Latest Malayalam News - മലയാളം വാർത്തകൾ

മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും

Hamas to release three hostages today

വെടിനി‍ർത്തൽ കരാ‍റിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കുമെന്ന് റിപ്പോ‌‍‍ർട്ട്. ​ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രായേലി പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, സാഗുയി ഡെക്കൽ-ചെൻ, യെയർ ഹോൺ എന്നിവരെയാണ് ഹമാസ് ഇന്ന് വിട്ടയയ്ക്കുന്നത്. ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ നിന്ന് 369 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇതിനിടെ ഗാസ വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തെ സംബന്ധിച്ച് ഇസ്രായേലുമായി പരോക്ഷ ചർച്ചകൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തുകയാണെന്ന മുൻ നിലപാട് ഹമാസ് തിരുത്തിയതോടെയാണ് ബന്ദി മോചനം സാധ്യമാകുന്നത്. ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ‌ബന്ദി മോചനം പൂർത്തിയാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ബന്ദികളെ വിട്ടയയ്ക്കുന്നതിൽ നിന്ന് ഹമാസ് പിന്നാക്കം പോയതോടെ മുന്നറിയിപ്പുമായി ഇസ്രയേലും അമേരിക്കയും നേരത്തെയും രം​ഗത്ത് വന്നിരുന്നു. ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചിരുന്നു.

Leave A Reply

Your email address will not be published.