നേപ്പാൾ-ടിബറ്റൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ മരണം 95 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടർ ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഭൂചലനത്തിൻ്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേപ്പാളിലെ നോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഷിഗാറ്റ്‌സെ നഗരത്തിലെ ടിൻഗ്രി കൗണ്ടിയിലാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. ടിബറ്റിൻ്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ തെക്കു പടിഞ്ഞാറായി നേപ്പാളിൻ്റെ അതിർത്തിയിലാണ് ടിംഗ്രി. എവറസ്റ്റ് കൊടുമുടി സന്ദർശിക്കുന്നവരുടെ ഒരു ടൂറിസം കേന്ദ്രമാണിത്. രാവിലെ 6:35നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.