Verification: ce991c98f858ff30

സുരേന്ദ്രൻ്റെ വിവാദ പ്രസ്താവനയിൽ പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

Kerala News Today-തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനുമാണ് പരാതി നല്‍കിയത്. ഞായറാഴ്ച തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലായിരുന്ന കെ.സുരേന്ദ്രൻ്റെ വിവാദപ്രസ്താവന. സിപിഎമ്മിലെ വനിതാനേതാക്കള്‍ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിൻ്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്.

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസിലും പരാതി ലഭിച്ചു. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.