Latest Malayalam News - മലയാളം വാർത്തകൾ

വഞ്ചിയൂര്‍ വെടിവയ്പ്പ് കേസില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

Woman doctor arrested in Vanchiyur firing case

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റിൽ. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍ നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ദീപ്തിയും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡി.സി.പി. നിതിന്‍രാജ് പറഞ്ഞു.

സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട്ടിൽ കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

Leave A Reply

Your email address will not be published.