Latest Malayalam News - മലയാളം വാർത്തകൾ

വിവാഹത്തിൽനിന്ന് പിൻവാങ്ങി; 28-കാരൻ 17-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു

CRIME-നാദാപുരം : കല്ലാച്ചി ടൗണിൽ യുവാവിന്റെ കുത്തേറ്റ് വിദ്യാർഥിനിക്ക് പരിക്ക്.
പ്രതി വാണിമേൽ നിടുംപറമ്പ് നടുത്തറേമ്മൽ കോട്ട അർഷാദിനെ (28) നാദാപുരം പോലീസ് അറസ്റ്റുചെയ്തു.
തടഞ്ഞുനിർത്തുന്നതിനിടെ കല്ലാച്ചി പി.പി. സ്റ്റോർ ഉടമ പി.പി. അഫ്‌സൽ(45)നും പരിക്കേറ്റു.

വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പെൺകുട്ടി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
നഴ്‌സറി അധ്യാപക കോഴ്‌സ് വിദ്യാർഥിയായ പതിനേഴുവയസ്സുകാരിയെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയിലാണ് അക്രമിച്ചത്.
ആദ്യം പെൺകുട്ടിയുടെ മുഖത്ത് അടിച്ചു. പിന്നീട് ഓടിരക്ഷപ്പെടുന്നതിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. കച്ചവടക്കാരും നാട്ടുകാരും ചേർന്ന് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തി. അതിനിടെയാണ് അഫ്‌സലിന് ഇടതുകൈക്ക് കുത്തേറ്റത്.
നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിക്ക് നാല് തുന്നുണ്ട്.

എട്ടുമാസംമുമ്പാണ് പ്രവാസിയായ അർഷാദും യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചത്. പിന്നീട് അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കല്യാണത്തിൽനിന്ന് പിൻവാങ്ങാൻ പെൺകുട്ടി തീരുമാനിച്ചു. ഇതോടെ അർഷാദ് ഫോൺവഴിയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഭീഷണിയെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസം മാറ്റിയിരുന്നു.

Leave A Reply

Your email address will not be published.