Kerala News Today-തിരുവനന്തപുരം: ബിബിസിയുടെ ‘India: The Modi Question’ എന്ന ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെ വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി.
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്‍റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിത്.
ബിജെപിയോടുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു, ഇന്ത്യയെ മുൻവിധിയോടെ മാത്രം കാണുന്നതും,
ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധി കേന്ദ്രമായ ജാക്ക് സ്‌ട്രോയുടെ പരാമർശവും ഉൾപ്പെടുത്തിയ സ്റ്റേറ്റ് സ്‌പോൺസേർഡ് ചാനലായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും’- അനിൽ കെ ആന്റണിയുടെ ട്വീറ്റ് ചെയ്തു.
വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് അനിൽ കെ ആന്റണിയുടെ പരാമർശം.
ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും വ്യക്തമാക്കി.
‘India: The Modi Question’ കോളേജ് കാമ്പുസുകളിൽ പ്രദർശിപ്പിക്കാൻ കെഎസ്‌യു നേതൃത്വം കൊടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പറഞ്ഞിരുന്നു.
Kerala News Today