Kerala News Today-കൊച്ചി: കോടനാട് താണിപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ് ചെരിഞ്ഞു. മുല്ലശ്ശേരി തങ്കൻ്റെ വീട്ടു കിണറ്റിലാണ് ആന വീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വനം വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറെ നേരം കഴിഞ്ഞാണ് ആനയുടെ ജഡം പുറത്തെടുത്തത്. മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്താതെ ആനയെ പുറത്തെത്തിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ആനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കവെ കൂട്ടംതെറ്റിയ പിടിയാന ഉപയോഗ ശൂന്യമായി കിടന്ന കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. കോടനാട് മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാനക്കൂട്ടം സ്ഥിരമായി എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Kerala News Today