Latest Malayalam News - മലയാളം വാർത്തകൾ

കർണാടക ബന്ദിൽ പ്രവർത്തിക്കുന്നതും അടച്ചിട്ടതുമായ സ്ഥാപനങ്ങൾ ഏതെല്ലാം? വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

NATIONAL NEWS-ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് കർണാടകയിൽ തുടരുന്നു.
വിവിധ കന്നഡ സംഘടനകളുടെ കൂട്ടായമകൾ ആഹ്വാനം ചെയ്ത ബന്ദ് വൈകിട്ട് ആറുമണിവരെയാണ്.
കർഷക സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബന്ദിനെത്തുടർന്ന് ബെംഗളൂരുവിലെയും മാണ്ഡ്യയിലെയും ജില്ലാ ഭരണകൂടങ്ങൾ അതത് അധികാരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
ബെംഗളൂരു നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി ബെംഗളൂരു സിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ അറിയിച്ചിരുന്നു.
ബന്ദിന് ധാർമ്മിക പിന്തുണ നൽകുമെന്ന് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് സ്‌കൂൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് മാണ്ഡ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ബസുകൾ സർവീസുകൾ നടത്തുന്നില്ല. സർവീസ് നടത്താൻ തയ്യാറാണെങ്കിലും യാത്രക്കാരുടെ കുറവ് സർവീസ് നടത്തുന്നതിനെ ബാധിച്ചതായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വകാര്യ ബസ് അസോസിയേഷനും സർവീസ് നടത്തുന്നില്ല.
ബസ് സർവീസ് ഉറപ്പുവരുത്തണമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ബന്ദ് സമാധാനപരമായിരിക്കണം. ആവശ്യമായ സർവീസുകളുണ്ടാകുമെന്ന കാര്യത്തിൽ യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മെട്രോകളിലും ആളുകൾ കുറവാണ്.

Leave A Reply

Your email address will not be published.