വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.